ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ യോഗ്യതയില്ലാത്ത ഡോക്ടര്‍ കറിക്കത്തി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരു വയസുകാരിയായ കുട്ടി മരിച്ചു.പാറ്റ്നയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള ദാഗരുവ സ്വദേശി പ്രകാശ് പണ്ഡിറ്റിന്റെ മകളാണ് മരണമടഞ്ഞത്.
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് കുട്ടിയെ ഡോക്ടറെ കാണിച്ചത്.
എന്നാല്‍ കുട്ടിയ്ക്ക് അപ്പന്‍ഡിസൈറ്റിസ് ആണെന്നും ഉടന്‍ ഓപ്പറേഷന്‍ വേണമെന്നും പറഞ്ഞ ഡോക്ടര്‍ പച്ചക്കറി മുറിക്കുന്ന കത്തിയുപയോഗിച്ച് ശാസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ കുടല്‍ മുറിയുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയുമായിരുന്നു.നില ഗുരുതരമായതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രി അധികൃതര്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് സദര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു
സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ കടന്ന് ഡോക്ടറെ മര്‍ദ്ദിച്ചു. ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.