ചരക്ക് സേവന നികുതി ബില്‍; സെലക്ട് കമ്മിറ്റി യോഗം ഇന്ന്

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (07:43 IST)
ചരക്ക് സേവനനികുതി ബില്‍ പരിഗണിയ്ക്കുന്ന രാജ്യസഭയുടെ സെലക്ട് കമ്മിറ്റി ഇന്ന് യോഗം ചേരും. ജിഎസ്‌ടി ബില്ലിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അദ്ധ്യക്ഷനും സംസ്ഥാനധനമന്ത്രിയുമായ കെഎം മാണിയും യോഗത്തില്‍ പങ്കെടുക്കും.

2016 ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവനനികുതി പരിഷ്‌കാരം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനു മുന്നോടിയായാണ് സംസ്ഥാനധനമന്ത്രിമാരടങ്ങിയ ഉന്നതാധികാരസമിതി രൂപീകരിച്ച് ജിഎസ്‌ടിബില്ലിന്‍മേലുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.

ജിഎസ്‌ടി കൗണ്‍സില്‍ അദ്ധ്യക്ഷനും കേന്ദ്രധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയും സെലക്ട് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ ജിഎസ്‌ടിഉന്നതാധികാരസമിതി അദ്ധ്യക്ഷന്‍ കെ എം മാണിയ്ക്കും ക്ഷണമുണ്ട്. നികുതി ഘടനയും നഷ്ടപരിഹാരവും അടക്കം വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും യോഗത്തില്‍ ഉന്നയിക്കുമെന്ന് കെ എം മാണി വ്യക്തമാക്കി.

ജിഎസ്‌ടി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല. വിവിധ നികുതികളുടെ ലയനവും പുകയില,പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പടെയുളള കാര്യങ്ങളിലും സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.