ഖലിസ്ഥാന്‍ തീവ്രവാദികളുമായി കോണ്‍ഗ്രസിനു ബന്ധമുണ്ടെന്ന് അകാലിദള്‍

Webdunia
ശനി, 21 നവം‌ബര്‍ 2015 (16:16 IST)
പഞ്ചാബിലെ സിഖ് തീവ്രവാദികളായ ഖലിസ്ഥാനുമായി കോണ്‍ഗ്രസിനു ബന്ധമുണ്ടെന്ന് ഭരണ കക്ഷിയായ ശിരോമണി അകാലിദള്‍. ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബിര്‍ ബാദലാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്.

ആരോപണം തെളിയിക്കുന്ന തരത്തില്‍ ഓഡിയോ ക്ലിപ്പിങ്ങുകളും അദ്ദേഹം പുറത്തുവിട്ടു.

പഞ്ചാബില്‍ ഖലിസ്ഥാന്‍ അനുയായികള്‍ നടത്തിയ റാലിയില്‍ കോണ്‍ഗ്രസ് നേതാക്കാള്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ക്ലിപ്പുകളാണ് അദ്ദേഹം പുറത്തുവിട്ടത്. റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടില്ലെന്നും ഇത് ദേശവിരുദ്ധമാണെന്നും ബാദല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പഞ്ചാബിനെ പഴയ തീവ്രവാദ നാളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇക്കാര്യങ്ങള്‍ ചൂണ്ടക്കാട്ടി കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശമുയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായി അകാലിദള്‍ മുന്നോട്ട് വന്നത്. പഞ്ചാബില്‍ തീവ്രവാദം പടര്‍ത്തിയത് കോണ്‍ഗ്രസാണെന്നും ശിരോണി അകാലിദളിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ബാദല്‍ ആരോപിച്ചു.