സുപ്രീം‌കോടതി വിധിയില്‍ പൂര്‍ണ്ണ സന്തോഷം, നാട്ടിലേക്ക് ഉടന്‍ വരും: ഹാദിയ

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (10:04 IST)
ഷെഫീന്‍ ജഹാനുമായുള്ള തന്റെ വിവാഹം അംഗീകരിച്ച സുപ്രീംകോടതി വിധിയിൽ പൂർണ്ണ സന്തോഷമെന്ന് ഹാദിയ. ഉടൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും ഷെഫീനെ കാണണമെന്നും ഹാദിയ പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് ഹാദിയയുടെ വിവാഹം സുപ്രീംകോടതി ശരിവച്ചത്. 
 
ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം‌കോടതി അസാധുവാക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം നിയമപരമാണെന്നും ഹാദിയക്കും ഷെഫീനും ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം‌കോടതി വ്യക്തമാക്കി.
 
അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അന്വെഷണം തുടരാമെന്നാണ് കോടതിയുടെ നിരീക്ഷണം. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. 
 
ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാകുമോയെന്നാണ് കോടതി നിരീക്ഷിച്ചത്. 
 
ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയുടെ ഓപ്പറേഷനൽ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകർപ്പ് പൂർണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.  

അനുബന്ധ വാര്‍ത്തകള്‍

Next Article