ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മട്യാമഹൽ എം എൽ എയുമായ അസിം അഹമ്മദ് ഖാൻ. എ എ പി സർക്കാരിൽ നിന്ന് കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ട മന്ത്രിയാണ് അസിം. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് കേജ്രിവാളും സംഘവും തന്നെയും കുടുംബത്തെയും വകവരുത്താൻ ഗൂഢാലോചന നടത്തുന്നതായി അസിം ആരോപിച്ചത്.
അഴിമതി ആരോപണത്തെ തുടർന്നായിരുന്നു അസിമിനെ പുറത്താക്കിയത്. കഴിഞ്ഞ കുറെ മാസമായി വധഭീഷണികളുടെ നടുവിലാണ് തന്റെ ജീവിതം. ഫോണിലും അല്ലാതെയും ഭീഷണി നേരിടുന്നുണ്ട്. ഇപ്പോൾ തന്റെ കുടുംബവും അപകടാവസ്ഥയിലാണ്. എന്നെ കൊലപ്പെടുത്താൻ കെജ്രിവാളും സംഘവും ഗൂഢാലോചന നടത്തുകയാണെന്നും അസിം ആരോപിച്ചു.