റിയോ ഒളിമ്പിക്‍സില്‍ ഗുസ്‌തിയില്‍ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നർസിംഗ് യാദവിവിന് എന്തു സംഭവിച്ചുവെന്നാണ് ഇന്ത്യന്‍ കായിക ലോകം ഉറ്റു നോക്കുന്നത്. ഫുട്ബോളിന്റെ മണ്ണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഗുസ്‌തി പിടിച്ചു സ്വന്തമാക്കാന്‍ കച്ചകെട്ടിയ നര്‍സിംഗിന്റെ ഭാവി ഇപ്പോള്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്ക സമിതിയുടെ മുന്നിലാണ്.
നാര്‍സിംഗിന്റെ കാര്യത്തില്‍ നാഡയിലെ വിദഗ്‌ദരടക്കമുള്ള എല്ലാവരും ആശങ്കയിലാണ്. അതിന് തക്കതായ കാര്യങ്ങള്‍ ഉണ്ടെന്നുള്ളതാണ് വസ്‌തുത. 74 കി.ഗ്രാം വിഭാഗത്തില്‍ മൽസരിക്കേണ്ടിയിരുന്ന ഇന്ത്യന്‍ താരത്തിന്റെ തൂക്കം എങ്ങനെ 80 കി.ഗ്രാം ആയി എന്നത് വിചിത്രമാണ്. മസിലിന്റെ ശക്തിയും ഒപ്പം തൂക്കവും വർദ്ധിക്കാന്‍ ഉപയോഗിക്കുന്ന നിരോധിത മരുന്നായ മെതൻഡിനോണൻ ആണ് നാര്‍സിംഗിന്റെ ശരീരത്തില്‍ എത്തിയിരിക്കുന്നത്.
ഒളിമ്പിക്‍സിന് ഒരുങ്ങുന്ന ഒരു താരം ഒരിക്കലും ചെയ്യാത്ത കാര്യമാണ് അധികാമയി തൂക്കം വര്‍ദ്ധിപ്പിക്കുക എന്നത്. അതിനായി ഒരിക്കലും മരുന്നും ഉപയോഗിക്കില്ല. ഈ സാഹചര്യത്തിലാണ് തന്നെ ആരോ ചതിച്ചുവെന്ന് നാര്‍സിംഗ് പറയുന്നതില്‍ എന്തോ ഒളിഞ്ഞിരുപ്പുണ്ടെന്ന് ഏവര്‍ക്കും സംശയം ബലപ്പെടുന്നത്.
നർസിംഗ് രണ്ടാം തവണയും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും നാഡ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന് പിഴച്ചതാണോ അതോ ആരെങ്കിലും ഗൂഢാലോചന നടത്തി ആവിഷ്‌കരിച്ച തന്ത്രത്തില്‍ ഇന്ത്യൻ താരം കുടുങ്ങിയതാണോ നാഡയ്‌ക്കും ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.
ഒരു ദേശീയ ഗുസ്‌തി താരത്തിന്റെ ഇളയ സഹോദരന്‍ നാര്‍സിംഗ് യാദവിനുള്ള ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലര്‍ത്തി നല്‍കി കുടുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പതിനേഴ് വയസുകരാനായ ഇയാള്‍ സോനിപ്പത്തിലെ സായ് സെന്ററിലെ കന്റീനിൽ യാദവിനായി തയാറാക്കിയിരുന്ന ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജൂനിയർ റാങ്കിംഗിൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഇയാൾ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ഇന്ത്യൻ ടീം ബൾഗേറിയയിൽ മത്സരത്തിനായി പോയപ്പോൾ സായിയിലെ നർസിംഗിന്റെ മുറിയുടെ താക്കോൽ ഇയാൾ ആവശ്യപ്പെടുകയും സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ മുറി മാറി പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ദേശിശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
തന്റെ നിലപാടിനു ബലമേകുന്ന വാദങ്ങളും തെളിവുകളും നർസിംഗും അഭിഭാഷകരും അച്ചടക്ക സമിതിക്കു മുമ്പാകെ അവതരിപ്പിച്ചു. ഇതു വിലയിരുത്തിയശേഷം നാഡ തുടര്‍ നിലപാടുകള്‍ സ്വീകരിക്കുക. സായ് സെന്ററിലെ ഭക്ഷണ സാംപിളിന്റെ പരിശോധനാഫലം തീരുമാനത്തിൽ നിർണായകമാകും. ഈ പരിശോധനയിലൂടെ മാത്രമെ നാര്‍സിംഗിന് എവിടെ പിഴുച്ചുവെന്ന് വ്യക്തമാകു.
നാര്‍സിംഗിന്റെ വാദങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്:-
സോനിപ്പത്ത് സായ് സെന്ററിൽ തനിക്കെതിരെ നടന്ന ഗൂഢാലോചന നടന്നുവെന്നാണ് നാര്‍സിംഗ് പറയുന്നത്. ഒരിക്കലും ഒരു താരവും താന്‍ മത്സരിക്കേണ്ട ഇനം നിര്‍ദേശിക്കുന്ന തൂക്കത്തില്‍ നിന്ന് വ്യതിചലിക്കില്ല. ഒളിമ്പിക്‍സിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 74 കിഗ്രാം വിഭാഗത്തില്‍ മൽസരിക്കേണ്ട നാര്‍സിംഗിന്റെ തൂക്കമിപ്പോള്‍ 80 കിഗ്രാം ആണ്. കടുത്ത ഭക്ഷണക്രമങ്ങളും ചിട്ടവട്ടങ്ങളുമുള്ള ഒരു ഗുസ്‌തി താരത്തിന് ഒരിക്കലും ഈ കണക്ക് തെറ്റുകയുമില്ല. അവിടെയാണ് ചതി നടന്നതായി നാര്‍സിംഗ് പറയുന്നതും എല്ലാവര്‍ക്കും സംശയം തോന്നുന്നതും.
ഒളിമ്പിക്‍സിനായി ഒരുങ്ങുന്ന നാര്‍സിംഗ് ഒരിക്കലും തൂക്കം വർദ്ധിക്കാന്‍ ഉപയോഗിക്കുന്ന നിരോധിത മരുന്നായ മെതൻഡിനോണൻ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതാന്‍ വയ്യ. മെതൻഡിനോണൻ അപകടകരമായ മരുന്നാണെന്ന് വര്‍ഷങ്ങളായി പ്രൊഫഷണല്‍ രംഗത്തുള്ള നാര്‍സിംഗിന് അറിയുകയും ചെയ്യാം. അപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്ത് ഈ മരുന്ന് എത്തണമെങ്കില്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നവര്‍ മുഖേനെയോ ഭക്ഷണത്തിലൂടെയോ ആകും എന്നു വ്യക്തമാണ്.
ഈ സാഹചര്യത്തിലാണ് സായ് സെന്ററിലെ ഭക്ഷണസാംപിളിന്റെ പരിശോധനാഫലം നിർണായകമാകുന്നത്.
നാഡ സമിതിയുടെ സമീപനം സൗഹാർദപരമായിരുന്നുവെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും നർസിംഗ് യാദവ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിനൊരു തിരിച്ചടി ഉണ്ടായാല്‍ കായികലോകത്ത് നിരവധി ചോദ്യങ്ങള്‍ ഉയരും. അദ്ദേഹത്തെ ചതിച്ചത് ആരാണെന്നും അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യമെന്തെന്നും ഇന്ത്യന്‍ കായിക ലോകത്തിന് അറിയേണ്ടതായിട്ടുണ്ട്.