ബിസ്‌കറ്റ് വാങ്ങിയതിന്റെ പണം തിരികെ നല്‍കുന്നതില്‍ വൈകിയതിനെ തുടര്‍ന്ന് കടക്കാരന്‍ ദളിത് ദമ്പതികളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അശോക് മിശ്രയെന്ന കടയുടമയാണ് കൊല നടത്തിയത്. ഉത്തര്‍പ്രദേശിലെ മേയ്‌ന്‍പുരിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്.
ദളിത് ദമ്പതികള്‍ രണ്ടു ദിവസം മുമ്പ് കടയില്‍ നിന്ന് പതിനഞ്ചു രൂപയുടെ ഒരു പാക്കറ്റ് ബിസ്‌കറ്റ് വാങ്ങിയിരുന്നു. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ബിസ്‌കറ്റ് വാങ്ങിയത്. വ്യാഴാഴ്‌ച രാവിലെ ഇരുവരും ജോലിക്ക് പോകവെ കടയുടമ ഇവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇപ്പോള്‍ പണമില്ലെന്നും വൈകിട്ട് പണം നല്‍കാമെന്നും ദമ്പതികള്‍ പറഞ്ഞെങ്കിലും കടയുടമ ആവശ്യം തള്ളുകയായിരുന്നു.
തങ്ങള്‍ ജോലിക്ക് പോകുകയാണെന്ന് ദയവായി വിടണമെന്നും ദമ്പതികള്‍ അപേക്ഷിച്ചുവെങ്കിലും ക്ഷുഭിതനായ അശോക് മിശ്ര കൈയില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്‌തു.
അശോക് മിശ്രയെ പൊലീസ് അറസ്‌റ്റു ചെയ്‌തു. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സന്നാഹമാണ് ഗ്രാമത്തില്‍ ഒരുക്കിയിരിക്കുന്നത്.