‘ഗീതോ’പദേശത്തില്‍ അടി രൂക്ഷമാകും; ഗീതയുടെ നിയമനത്തിനെതിരെ വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

Webdunia
വ്യാഴം, 28 ജൂലൈ 2016 (18:57 IST)
ഹാർവഡ് സർവകലാശാലയിലെ പ്രഫ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദൻ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ആഗോളവൽകരണത്തി​ന്റെ വക്​താവായ ഗീതയെ ഉപദേഷ്​ടാവായി നിയമിക്കുന്നത്​ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക്​ വിരുദ്ധമാണെന്നും വിഎസ്​ കത്തിൽ പറയുന്നു.

നവലിബറൽ ആശയക്കാരിയെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിച്ചതിൽ ദുരൂഹതയുണ്ട്. അവരുടെ നിലപാട്​ കേരളത്തി​ന്റെ പൊതു വികസനത്തിന്​ ചേർന്നതല്ല. ഇന്ധന വില നിർണയാവകാശം എണ്ണ കമ്പനികള്‍ക്ക് നൽകിയതിനെ ഗീത പ്രകീർത്തിക്കുകയും ചെയ്തുവെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗീതയുടെ നിയമനം പാർട്ടിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഗീതയുടെ നിയമനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ന്യായീകരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഗീതയെ നിയമിച്ചതെന്നും കോടിയേരി രാവിലെ പറഞ്ഞിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായിരുന്ന പ്രഫ. പ്രഭാത് പട്‌നായിക് ഉൾപ്പെടെ ഇടതുപക്ഷക്കാരായ പല സാമ്പത്തിക വിദഗ്‌ധരും ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്‌തിട്ടുണ്ട്.
Next Article