ഡല്‍ഹി ഭരണത്തിലേറാന്‍ മാധ്യമങ്ങളുടെ പിന്തുണ ഏറെ നേടിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പൂതിയ നീക്കത്തിനെതിരെ വിവിദ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. മുഖ്യമന്ത്രി, മന്ത്രിമാർ, സർക്കാർ എന്നിവയുടെ അന്തസ്സ് മോശമാക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നാൽ നിയമപരമായി നേരിടുമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇത്തരത്തില്‍ മോശപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്നാല്‍ നിയമവകുപ്പ് വാർത്തയുടെ സ്വഭാവം പഠിച്ച് നിയമനടപടി വേണ്ടവ കണ്ടെത്തി മുന്നോട്ടു പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആംആദ്മി പാർട്ടിക്കെതിരെ മാധ്യമങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേജ്‌രിവാൾ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് വിവാദമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
തനിക്കെതിരെ മാനനഷ്ട കേസ് വന്നപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സുപ്രീം കോടതിയിൽ വാദിച്ച കേജ്‌രിവാൾ ഇപ്പോൾ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്നാണ് ആക്ഷേപം. രണ്ടുവർഷ ജയിൽ ശിക്ഷ വിധിച്ചേക്കാമാകുന്ന വകുപ്പുകൾ പ്രകാരം എടുത്ത കേസിനെതിരെയാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, സർക്കുലറിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കേജ്‌രിവാളിന് മാധ്യമങ്ങളെ ഭയമാണെന്ന് കോൺഗ്രസ് പറഞ്ഞു. കുഴപ്പമുണ്ടാക്കാനുള്ള കേജ്‌രിവാളിന്റെ ശ്രമമാണിതെന്ന് ബിജെപി പറഞ്ഞു.