കശ്മീര്‍ പാകിസ്ഥാന് വേണ്ട, ഇന്ത്യയ്ക്ക് കൊടുക്കുകയുമില്ല-നവാസ് ഷെരീഫിന്റെ പുതിയ വെളിപ്പെടുത്തല്‍

Webdunia
ഞായര്‍, 26 ജൂലൈ 2015 (12:02 IST)
ഇന്ത്യ-കശ്മീർ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുതിർന്ന പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ. കശ്മീരിനെ പാകിസ്ഥാന് വേണ്ടെന്നും എന്നാല്‍ ഇന്ത്യയ്ക്ക് നല്‍കില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതായാണ് കുല്‍ദീപ് നയ്യാര്‍ വെളിപ്പെടുത്തിയത്. ശ്രീനഗറിൽ മാധ്യമസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീർ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി പാക്കിസ്ഥാൻ കൊണ്ടുപോകില്ല, എന്നാൽ ഇന്ത്യയ്ക്ക് കൊടുക്കുകയുമില്ലെന്ന് ഷെരീഫ് തന്നോട് സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ച് പറഞ്ഞതായാണ് കുല്‍ദീപ് പറഞ്ഞത്.

ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. അങ്ങനെ ചെയ്താൽ അതു മതേതരത്വത്തെ ദോഷകരമായി ബാധിക്കും. സ്വാതന്ത്ര്യം കിട്ടി 68 വർഷത്തിനു ശേഷവും കശ്മീരി മു‍സ്‍ലിമുകൾ ഇന്ത്യക്കാരല്ല എന്നു ചിലർ പറയുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണ്. ജമ്മു കശ്മീരിന് കൂടുതൽ സ്വയംഭരണാവകാശം നൽകുക മാത്രമാണ് കശ്മീർ പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.