കശ്മീരിനെ സഹായിക്കാന്‍ പറഞ്ഞതിന് വൈസ് ചാന്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (15:52 IST)
പ്രളയം മൂലം ദുരിതത്തിലായ കശ്മീരിനേ സഹായിക്കനായി സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട മധ്യപ്രദേശിലെ വിക്രം സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറിനേ ഹിന്ദുത്വ സംഘടനകള്‍ കൈയ്യേറ്റം ചെയ്തു. ജവഹര്‍ കൌള്‍ എന്ന വൈസ് ചാന്‍സിലര്‍ക്കാണ് സംഘപരിവാര്‍ സംഘടനയായ വി‌എച്പിയുടെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെയും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

ഉത്തരാഖണ്ഡിലും ഗുജറാത്തിലും പ്രളയമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും കശ്മീരിനേ മാത്രം സഹായിക്കുന്നു എന്നും ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ അക്രം അഴിച്ചുവിട്ടത്. വൈസ് ചാന്‍സലറുടെ ഓഫീസില്‍ കടന്നകുകയറിയ സംഘം ഉപകരണങ്ങളും നശിപ്പിച്ചു.  

പ്രളയ ദുരന്തത്തിലായ കശ്മീരിലെ ജനങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വൈസ് ചാന്‍സലര്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ
കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്നും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ പ്രകോപിതരായ ബജ്‌റംഗ്ദള്‍, വി‌എച്‌പി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വൈസ് ചാന്‍സലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക