കശ്മീര്‍ പ്രളയം പെണ്‍കുട്ടിക്ക് തുണയായ കഥ

Webdunia
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (17:55 IST)
കനത്ത മഴയേ തുടര്‍ന്ന് ഇന്ത്യയുടെ സ്വര്‍ഗ ഉദ്യാനമായ കശ്മീരിനെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടു എങ്കില്‍ മുംബൈയിലെ ഒരു കുടുംബത്തിന് അത് വലിയൊരു പുനഃസമാഗമത്തിന് വേണ്ടി ദൈവം സൃഷ്ടിച്ച നിമിത്തമാണെന്ന് വിശ്വസിക്കാനാണ് ഇപ്പോള്‍ ഇഷ്ടം. ഒരു വര്‍ഷം മുമ്പ് ബാന്ദ്രയിലെ വീട്ടില്‍നിന്ന് ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ ആറുവയസുകാരി മേഘയ്ക്കാണ് വെള്ളപ്പൊക്കം സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള വഴി വെള്ളപ്പൊക്കത്തില്‍ തെളിഞ്ഞു വന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 ന് ഭിക്ഷാടന മാഫിയയുടെ പിടിയിലായ മേഘയ്ക്കു വേണ്ടി ഇവളുടെ മാതാപിതാക്കള്‍ അലയാത്ത ഇടങ്ങിലില്ല, പോകാത്ത അമ്പലങ്ങളും കാണാത്ത ജ്യോതിഷികളുമില്ല. ചാന്ദ്‌നി ചൗക്കിലും, ഗുജറാത്തിലെ മെഹ്‌സനയിലും, രാജസ്ഥാനിലേയും മധ്യപ്രദേശിലെ ജബല്‍പൂരിലുമൊക്കെ പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കുമായി പോകാന്‍ വായ്പ എടുക്കേണ്ടി വന്നു ഇവര്‍ക്ക്.

എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പൊലീസില്‍ നിന്ന് മകളെ കണ്ടെത്തി എന്ന വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ സന്ദേശം ലഭിച്ചതോടെ മേഘയുടെ അമ്മ സീമയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. എന്നാല്‍ മേഘയേ കണ്ടെത്തുമ്പോള്‍ അവള്‍ ഈ ചെറുപ്രായത്തില്‍ സഞ്ചരിക്കാത്ത ഇടം രാജ്യത്തില്ല എന്ന് പറയുന്നതാകും ശരി.

വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ എത്തിപ്പെട്ടത് ശ്രീനഗറിലും സോപോറിലുമൊക്കെയാണ്. അതിനിടെ കൊല്‍ക്കത്തയിലും യു.പിയിലുമൊക്കെ ഭിക്ഷയെടുക്കേണ്ടിവന്നു മേഘയ്ക്ക്. എന്നാല്‍ കശ്മീരിലുണ്ടായ വെള്ളപ്പൊക്കമാണ് മേഘയ്ക്ക് മോചനത്തിന്റെ മാര്‍ഗം തുറന്ന് കൊടുത്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അവളെ ദാല്‍ ഗേറ്റ് പ്രദേശത്തെ ഒരു മതപഠനശാലയ്ക്ക് മുമ്പില്‍ ഭിക്ഷാടന മാഫിയ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സപ്തംബര്‍ അവസാനം ഒരു ദര്‍ഗയ്ക്ക് സമീപം ഭക്ഷണത്തിനായി കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയെ കണ്ട അബ്ദുള്‍ റഷീദ് ഷെയ്ഖിന്റെ നല്ല മനസ്സാണ് ഈ പുനസമാഗമത്തിന് വഴിയൊരുക്കിയത്. ഭക്ഷണം കൊടുത്തതോടെ കുട്ടി അവളുടെ പേരും മാതാപിതാക്കളെക്കുറിച്ചും പറഞ്ഞു. എന്നാല്‍ വിലാസമോ ഫോണ്‍ നമ്പറോ ഒന്നും അവള്‍ക്ക് ഓര്‍മ്മയില്ലായിരുന്നു. എങ്ങനെ കശ്മീരിലെത്തി എന്നും പോലും അവള്‍ക്ക് ഓര്‍മ്മയില്ലായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹം ട്രാവല്‍ ഏജന്‍സി ഉടമയും സുഹൃത്തുമായ പര്‍വേശിന്റെ നിര്‍ദേശാനുസരണം ഫേസ്ബുക്കില്‍ വിവരങ്ങള്‍ പടം സഹിതം പോസ്റ്റ് ചെയ്തു. ഇത് വ്യാപകമയി ഷെയര്‍ ചെയ്യപ്പെടുകയും വിവരം കുട്ടിയെ നഷ്ടമായി എന്ന് കാണിച്ച് മേഘയുടെ മാതാപിതാക്കള്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുമായി മേഘയുടെ വിവരങ്ങള്‍ യോജിച്ചതോടെ പിന്നെയെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

സംഭവം പൊലീസ് മേഘയുടെ മാതാപിതാക്കളെ അറിയിച്ചു. മേഘയുടെ മുത്തച്ഛന്‍ രമേഷ് മദന്‍ ടാക്കൂര്‍ ശ്രീനഗറിലെത്തി മേഘയെ കൂട്ടി മുംബൈയിലേക്ക് മടങ്ങി. അതുവരെ മേഘ അവളെ അബ്ദുള്‍ റഷീദുനൊപ്പം അയാളുടെ രണ്ടു പെണ്മക്കള്‍ക്കൊപ്പം മറ്റൊരു മകളെപ്പോലെ ജീവിക്കുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.