കശ്മീര്‍ ആതിര്‍ത്തിയില്‍ വെടിവയ്പ്പിന്റെ മറവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

Webdunia
ശനി, 20 ജൂണ്‍ 2015 (16:03 IST)
പാക്ക് സേന നടത്തിയ വെടിവയ്പിന്റെ മറവിലൂടെ കശ്മീരിലെ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച മൂന്നു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. കുപ്‍വാര ജില്ലയിലെ മാച്ചിൽ സെക്ടറിലാണ് ഭീകരർ നടത്തിയ വൻനുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയത്. ആറിലധികം ഭീകരർ തോക്കും വെടിക്കോപ്പുകളുമായിട്ടാണ് അതിർത്തിയിലെത്തിയതെന്ന് സുരക്ഷാ സേന പറഞ്ഞു.

ഇന്നുരാവിലെ പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ കശ്മീർ അതിർത്തിയിലെ ഇന്ത്യൻ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തിരുന്നു. രാവിലെ 9.20ന് അർണിയ മേഖലയിലെ പിണ്ടി പോസ്റ്റിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. ബിഎസ്എഫ് സൈനികർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് പെട്രോളിങ് നടത്തുന്നതിനിടെയാണ് പാക്ക് റേഞ്ചേഴ്സ് വെടിയുതിർത്തത്. ഉടൻ തന്നെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.

ഇതിനു പിന്നാലെയാണ്  നുഴഞ്ഞുകയറ്റമുണ്ടായത്. നുഴഞ്ഞുക്കയറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇന്ത്യൻ സേന ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിക്കുകയായിരുന്നു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പ് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഭീകരരിൽ നിന്ന് എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്.