ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുൺ നായർ. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് കരുണ്‍ നായർ ട്രിപ്പിൾ നേടിയത്. വിരേന്ദർ സേവാഗ് മാത്രമാണ് ഇതിന് മുമ്പ് ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ. കർണാടകയ്‌ക്കു വേണ്ടിയാണ് കരുൺ രഞ്ജി മൽസരങ്ങളിൽ കളിക്കുന്നത്.
381 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 32 ഫോറും നാല് സിക്‌സും സഹിതമാണ് കരുണിന്റെ ത്രിപ്പിള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍. നേരത്തെ 306 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ ഡബിള്‍ സെഞ്ചുറി തികച്ചത്. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ സെഞ്ചുറി നേട്ടം. ട്രിപ്പിൾ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റ്സ്മാൻമാരിൽ ആറാമനാണ് ഈ മലയാളി താരം.
ടെസ്റ്റിലെ ഇന്ത്യ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചെന്നൈയില്‍ പിറന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് ഇന്ത്യ നേടിയത്. 2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ 726 റണ്‍സ് എന്ന സ്‌കോറാണ് ഇന്ത്യ തിരുത്തിയത്. ഇതോടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 282 റണ്‍സിന്റെ ലീഡായി.
നേരത്തെ മൂന്നാം ദിവസം ഒരു റണ്‍സിന് ഡബിള്‍ സെഞ്ചുറി നഷ്ടപ്പെട്ട കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായത്. 311 പന്തില്‍ 16 ഫോറും മൂന്ന് സിക്സും സഹിതമാണ് രാഹുല്‍ 199 റണ്‍സെടുത്തത്. മോയിന്‍ അലിയുടെ സെഞ്ചുറിക്കു പിന്നാലെ ലിയാം ഡേവിഡ്സണിന്റെയും ആദില്‍ റാഷിദിന്റെയും അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് 477 റണ്‍സെടുത്തത്.