ഉമറിന്റെ രാഷ്‌ട്രീയത്തോട് വിയോജിപ്പുണ്ട്; ഉമര്‍ ഖാലിദിനെ അറിയില്ലെന്ന് കനയ്യ കുമാര്‍

Webdunia
ശനി, 27 ഫെബ്രുവരി 2016 (11:29 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഉമര്‍ ഖാലിദിനെയും അനിര്‍ബാന്‍ ഭട്ടാചാര്യയെയും തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് കനയ്യ കുമാര്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു‍.
 
വ്യക്തിപരമായി അവരെ അറിയില്ലെങ്കിലും അവരുടെ രാഷ്‌ട്രീയനിലപാടുകളെക്കുറിച്ച് ധാരണയുണ്ടെന്നും കനയ്യ വ്യക്തമാക്കി. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ അവരെ അറിയാം. പക്ഷേ, അവരുടെ രാഷ്‌ട്രീയ ആശയങ്ങളുമായി താന്‍ യോജിക്കുന്നില്ലെന്നും കനയ്യ പറഞ്ഞു.
 
ഫെബ്രുവരി ഒമ്പതിന് ജെ എന്‍ യു കാമ്പസില്‍  രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ തനിക്ക് കാര്യമായ പങ്കില്ലെന്നും കനയ്യ വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നാലുപേരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ വിവാദമായ സംഭവത്തില്‍ പങ്കെടുത്ത കാമ്പസിന് പുറത്തുനിന്നുള്ള എട്ടുപേരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
 
അതേസമയം, അറസ്റ്റിലായ ഉമര്‍ ഖാലിദും അനിര്‍ബാന്‍ ഭട്ടാചാര്യയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊഴി അടിക്കടി മാറ്റുകയാണെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് ഉണ്ടാകുന്നതെന്നും പൊലീസ് വ്യക്തമാക്കി. 
 
ഇതുവരെ കനയ്യയും ഉമര്‍ ഖാലിദും അനിര്‍ബാനും രണ്ടു തവണ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരായി. ആദ്യം ഇവരെ ഒരേ മുറിയില്‍ ഇരുത്തി സമാനമായ ചോദ്യങ്ങള്‍ ആയിരുന്നു ചോദിച്ചത്. പിന്നീട്, ഇന്‍സ്‌പക്‌ടറുടെ മുമ്പില്‍ ഇരുന്ന് വിശദമായ രീതിയില്‍ മറുപടി നല്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യല്‍.