പദ്മാവത് വിവാദം അവസാനിച്ചതിന് പിന്നാലെ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയ്‌ക്കെതിരെയും പ്രതിഷേധം. മണികർണിക - ദി ക്യൂൻ ഓഫ് ഝാൻസി എന്ന സിനിമയ്ക്ക് നേരെയാണ് ബ്രാഹ്മണ സഭ എതിര്‍പ്പുമായി രംഗത്തുവന്നത്.
രാജസ്ഥാനിലാണ് ചിത്രീകരണത്തെ തടസ്സപ്പെടുത്തിയ പ്രതിഷേധമുണ്ടായത്. ചിത്രത്തില്‍ ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞത്. ഝാൻസി റാണിയും ബ്രീട്ടീഷുകാരനും തമ്മിൽ പ്രണയിക്കുന്നതായി സിനിമയിൽ ഉണ്ടെന്നും ചരിത്രം വളച്ചൊടിക്കുകയാണെന്നും ബ്രാഹ്മണ സഭ പ്രസിഡന്റ് സുരേഷ് മിശ്ര വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം തടയണമെന്ന് ബ്രാഹ്മണ സഭ രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നും ഈ സീന്‍ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, രജപുത് കര്‍ണ്ണി സേന ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റാണിയുടെ വേഷം ചെയ്യുന്ന കങ്കണാ റണാവത്തിനെതിരേയും മണികർണിക സേന രംഗത്തുവന്നു.