രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വീഡിയോ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍. അതേസമയം, രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു.
കനയ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍, ഫെബ്രുവരി ഒമ്പതിലെ പരിപാടിയില്‍ കനയ്യ പങ്കെടുത്തിരുന്നെന്നും മുഖ്യസംഘാടകന്‍ കനയ്യ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
രാജ്യദ്രോഹക്കുറ്റം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ ? സി സി ടി വി ദൃശ്യങ്ങളെങ്കിലും ലഭ്യമായോ ? ടി വി ചാനലുകളുടെ ദൃശ്യങ്ങളെയാണോ കേസിന് ആധാരമാക്കിയത് ? ടി വി ചാനലുകള്‍ വാര്‍ത്ത പുറത്തിടുന്നത് വരെ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നൊക്കെയായിരുന്നു വീഡിയോ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി രൂക്ഷമായി ചോദിച്ചത്.
അതേസമയം, ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി.