രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടോ ?; നിലപാടില്‍ മലക്കം മറിഞ്ഞ് കമല്‍ഹാസന്‍

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (17:47 IST)
രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പ്രസ്താവന വിവാദമായതോടെ തിരുത്തലുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടിനെക്കുറിച്ച് താന്‍ പറഞ്ഞത് ഹിന്ദുത്വ തീവ്രവാദമെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കമല്‍ പറഞ്ഞു.

ഹിന്ദുക്കളെക്കുറിച്ച് താന്‍ പറയുന്നത് തന്റെ കുടുംബത്തിലെ ഹിന്ദുക്കളെ പോലും അവഹേളിക്കുന്നതാകരുതെന്ന് തനിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും കമല്‍ ചെന്നൈയില്‍ 63മത് പിറന്നാൾ ദിനത്തിൽ നടത്തിയ ചടങ്ങില്‍ കമല്‍ പറഞ്ഞു.

രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പ്രസ്താവന വ്യാപകമായ വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് തിരുത്തലുമായി കമല്‍ നേരിട്ട് രംഗത്തുവന്നത്.

അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദി എന്ന നിലയ്‌ക്ക് ‘മയ്യം വിസിൽ’ എന്ന മൊബൈൽ ആപ്പും കമല്‍ പുറത്തിറക്കി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കണം, അതിന് മൊബൈല്‍ ആപ്പ് ഉപകാരപ്പെടും. എല്ലാവര്‍ക്കും നീതി ലഭ്യമാക്കി തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ താന്‍ ധൃതി കാണിക്കുന്നില്ല, എന്നാല്‍ അധികം വൈകാതെ പാർട്ടി പ്രഖ്യാപിക്കും. അതിനു മുമ്പായി സാഹചര്യങ്ങള്‍ പഠിച്ച് ചർച്ചകളും വിലയിരുത്തലുകളും നടത്തുകയാണ് ലക്ഷ്യം. തമിഴ്നാട്ടിലൂടെ കൂടുതല്‍ സഞ്ചരിച്ച് ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കും. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article