കന്നഡ സാഹിത്യകാരനായിരുന്ന എം എം കല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നതിനു പിന്നാലെ മറ്റൊരു പ്രമുഖ യുക്തിവാദിയുമെഴുത്തുകാരനുമായ കെ എസ് ഭഗവാന് വധഭീഷണി. കത്തിലൂടെയാണ് ഇദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് കത്ത് ഭഗവാന്റെ വീട്ടില്‍ ലഭിച്ചത്.
മൂന്നു പേരെ ഞങ്ങള്‍ ഇല്ലാതാക്കി, അടുത്തത് നിങ്ങളുടെ ഊഴമാണ്. പോലീസ് സംരക്ഷണം എത്രയുണ്ടെങ്കിലും നിങ്ങള്‍ക്ക് രക്ഷയില്ല. നിങ്ങളുടെ സമയം അതിക്രമിച്ചു. ദിവസങ്ങള്‍ എണ്ണിക്കോളൂ എന്നായിരുന്നു കത്തിലെ സന്ദേശം. ഇംഗ്ലീഷില്‍ എഴുതിയ കത്ത് കൈപ്പറ്റിയ ഉടന്‍ തന്നെ വീട്ടുകാര്‍ അത് പൊലീസിനെ ഏല്‍പ്പിച്ചു, ഭീഷണിയേ തുടര്‍ന്ന് ഇദ്ദേഹത്തിന് സുരക്ഷ ശക്തമാക്കി. കത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണെന്ന് ഐജി ബി കെ സിംഗ് പറഞ്ഞു.
മൈസൂരില്‍ ഫെബ്രുവരിയില്‍ നടന്ന ഒരു പരിപാടിയില്‍ ഭഗവത് ഗീതയെ അവമതിച്ചു സംസാരിച്ചുവെന്ന് ആരോപിച്ച് ഭഗവാനെതിരെ തീവ്രനിലപാടുള്ള ചില സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതാദ്യമായല്ല തനിക്ക് ഭീഷണി ലഭിക്കുന്നത്. ഇതിലൊന്നും തനിക്ക് പേടിയില്ല. ഇത്തരം ഭീഷണികള്‍ക്കൊന്നും തന്നെ തടഞ്ഞുനിര്‍ത്താനാവില്ല. കത്തിനെ താന്‍ പൂര്‍ണ്ണമായും അവഗണിക്കുന്നു. തന്റെ ലേഖനങ്ങളിലെ ഒരു പേജുപോലും അവര്‍ വായിച്ചിരിക്കാനിടയില്ല. സ്വന്തം ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ ലേഖനങ്ങള്‍. അവര്‍ക്ക് അതില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ മാന്യമായ മാര്‍ഗത്തില്‍ എതിര്‍ക്കാമെന്നും ഭഗവാന്‍ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 30ന് ഉത്തര കര്‍ണാടകയിലെ ധര്‍വാദിലെ വസതിയില്‍ വച്ചാണ് കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശിക് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തടകനെ ദക്ഷിണ കന്നഡയില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു്. സംഭവത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.