ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ഇടപെടലുകളും യാത്രകളും സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. ഇവരുടെ സമീപകാല യാത്രകളിൽ ദുരൂഹത ഏറുന്നു. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ള വിവരങ്ങളും ലഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയുടെ ചൈന യാത്രയും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.
പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ഇവര്‍ നടത്തിയ പാക് സന്ദര്‍ശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ജ്യോതി മല്‍ഹോത്രയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായും യൂട്യൂബ് ഇന്‍ഫ്‌ളുവര്‍സര്‍മാരുമായും ജ്യോതി നേരിട്ട് ബന്ധപ്പെട്ടിരുന്നു.