വറുത്തതും പൊരിച്ചതും കൊടുക്കരുത്, സോഡ.. അത് കാണിക്കുക കൂടി ചെയ്യരുത്, വരുന്നു പുതിയ കാന്റീന്‍ നയം

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (14:01 IST)
വിദ്യാര്‍ഥികളില്‍ ജീവിത ശൈലി രോഗങ്ങളായ പൊണ്ണത്തടിയും മറ്റ് രോഗങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ കാന്റീനില്‍ എന്ത് തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന കാന്റീന്‍ നയത്തിന് കേന്ദ്രസർക്കാർ. കന്റീൻ നയം നടപ്പാക്കുന്നതോടെ ഭക്ഷണങ്ങളെ ചുവപ്പ്, പച്ച തുടങ്ങിയ വിവിധ തരങ്ങളായി തിരിക്കും.

പച്ച വിഭാഗത്തി‍ൽ പെട്ട ഗ്രീൻ ഫുഡ് കഴിക്കാനാവണം കുട്ടികളെ പ്രേരിപ്പിക്കേണ്ടത്. ചുവപ്പുവിഭാഗത്തി‍ൽ പെട്ട ഭക്ഷണങ്ങൾ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ബോധവൽക്കരിക്കും. സ്കൂൾ പാഠ്യപദ്ധതിയിലും ഹരിത ഭക്ഷണക്രമത്തെപ്പറ്റി പാഠങ്ങളുണ്ട്.

വിവിധ തരം കാർബണേറ്റഡ് സോഡകളും മധുര പാനീയങ്ങളും വറത്തുപൊരിച്ചെടുത്ത ഉപ്പേരികളും പിസ,ബർഗർ, പഫ്സ് തുടങ്ങിയ ബേക്കറി വിഭവങ്ങളും മിഠായികള്‍ തുടങ്ങിയ ജങ്ക് ഫുഡ് പ്ട്ടികയില്‍ വരുന്നവ വിദ്യാലയങ്ങളില്‍ നിന്ന് ഒഴിവാക്കും. ഈ വർ‌ഷം മാർച്ചിൽ രാജ്യമെങ്ങും വിദ്യാലയങ്ങളിൽ ജങ്ക് ഭക്ഷണത്തിനു നിയന്ത്രണമേർപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഇത് നടപ്പാക്കാന്‍ വൈകുന്നു എന്ന ആരോപണം ഉയര്‍ന്നതിനേ തുടര്‍ന്നാണ് പുതിയ നടപടി. ഫുഡ് സേഫ്ടി ആൻസ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ (എഫ്എസ്എസ്എ) വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിജ്ഞാപനം പൊതു ജനങ്ങളുടെ അഭിപ്രായ ശേഖരണത്തിനായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അതേസമയം നയത്തിന്റെ ഭാഗമായി ജങ്ക് ഫുഡ്ഡുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ വിലക്കാനും സാധ്യതയുണ്ട്. വാർത്താവിനിമയ മന്ത്രാലയം ഇതു സംബന്ധിച്ചു നടപടി എടുക്കും.