ഇനി കൊളീജിയമില്ല, ജഡ്ജിമാരെ നിയമിക്കാന്‍ കമ്മീഷന്‍

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (16:56 IST)
ജഡ്ജി നിയമനത്തില്‍ കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ബില്‍ ഇനി രാജ്യസഭയില്‍ പാസാക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനേ രാജ്യസഭയില്‍ പ്രതിപക്ഷങ്ങള്‍ എതിര്‍ത്തേക്കില്ലെന്ന സൂചനയുണ്ട്. രാജ്യസഭ ബില്ല് പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാലെ കമ്മീഷന്‍ രൂപീകരണം നടക്കുകയുള്ളു.

സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ച് പകരം ആറംഗ നീതിന്യായ നിയമന കമീഷനെ നിയമിക്കുന്നതിനുള്ള ബില്‍ ആണ് പാസാക്കിയത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ഉന്നത കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് 1993ല്‍ സുപ്രീംകോടതി തുടങ്ങിവെച്ച കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കാനുള്ള നൂറ്റി ഇരുപത്തിഒന്നാം ഭരണഘടനാഭേദഗതി ബില്ലാണ് നിയമമന്ത്രി ആദ്യം അവതരിപ്പിച്ചത്. അതിനുപിന്നാലെ ജഡ്ജിമാരേ നിയമിക്കാനുള്ള നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍റ്മെന്‍റ്സ് കമീഷന്‍ ബില്‍ 2014 ലും സഭയില്‍ അവതരിപ്പിച്ചു.

പുതിയ ബില്‍ പ്രകാരം ദേശീയ നീതിന്യായ നിയമന കമ്മീഷന്റെ തലപ്പത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. രണ്ട് സുപ്രീംകോടതി ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയെ പ്രതിനിധാനം ചെയ്ത് കമീഷനിലുണ്ടാകും. കൂടാതെ പട്ടിക ജാതി/ വര്‍ഗം, മറ്റു പിന്നാക്കം, ന്യൂനപക്ഷം, വനിത എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് രണ്ട് അംഗങ്ങളും ഉണ്ടാകും.

ഇവരെ തെരഞ്ഞെടുക്കുക ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവോ ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവോ അടങ്ങുന്ന സമിതിയാണ്.മൊത്തം അംഗങ്ങളില്‍ രണ്ടു പേരുടെ എതിര്‍പ്പുണ്ടായാല്‍ അത് വീറ്റോയായി കണക്കാക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കമ്മീഷന്‍െറ ഘടനയില്‍ മാറിവരുന്ന സര്‍ക്കാറുകള്‍ മാറ്റം വരുത്താതിരിക്കാന്‍ ഭരണഘടനാപദവി നല്‍കാനും ബില്‍ വ്യവസ്ഥചെയ്യന്നു. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടില്ളെന്ന ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവിനു പകരം ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തത്.

ഇതിനുമുമ്പ് 2003ലാണ് നിലവിലുള്ള കൊളീജിയം സമ്പ്രദായം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയത്. ഭരണഘടന ഭേദഗതിചെയ്ത് ദേശീയ നീതിന്യായ കമീഷന്‍ സ്ഥാപിക്കുന്നതിനായിരുന്നു അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ സ്ഥിരം സമിതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചങ്കെിലും ലോക്സഭ പിരിച്ചുവിട്ടതോടെ അസാധുവാകുകയായിരുന്നു.