ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ കനയ്യക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പൊലീസ് പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പ്രസംഗം കനയ്യ നടത്തിയിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തല്‍.
അതേസമയം, കനയ്യക്കെതിരെയുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബാസി വ്യക്തമാക്കുന്നത്. പൊലീസിന്റെ കൈവശം ദൃശ്യങ്ങളുണ്ടെങ്കിലും അതിലെ ശബ്ദം വ്യക്തമല്ല. ഇതിനാല്‍ കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചോ എന്ന് ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസില്‍ നടന്ന പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ദേശീയ ടിവി ചാനലുകള്‍ക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്.
ഡൽഹി പൊലീസിലെ ചില ഉദ്യോഗസ്ഥുടെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള കാരണമായത്. അറസ്റ്റിന്റെ തലേദിവസം നടത്തിയ പ്രസംഗത്തിൽ വർഗീയതയുണർത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.