ജെഎന്‍യു വിവാദം; കോടതി മുറിയിലും പരിസരത്തും സംഘപരിവാറിന്റെ അഴിഞ്ഞാട്ടം, വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചു

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2016 (17:08 IST)
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഹാജരാക്കിയ ഡല്‍ഹി പാട്യാല കോടതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമ പരമ്പര. അഭിഭാഷക വേഷത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ്  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസുകാര്‍ നിഷ്പ്രഭരായി നോക്കി നില്‍ക്കെയായിരുന്നു സംഭവങ്ങളെല്ലാം അരങ്ങേറിയത്.

ബിജെപി എംഎല്‍എ ഒപി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു കോടതി പരിസരത്തെ സംഘര്‍ഷം. കോടതിയിലേക്കു കടന്നുകയറിയ ബിജെപി അനുകൂല അഭിഭാഷകര്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കോടതി കെട്ടിടത്തില്‍ നിന്ന് എല്ലാവരും പുറത്തുപോവണമെന്ന് ആക്രോശിക്കുകയും 'ലോംഗ് ലീവ് ഇന്ത്യ', 'ജെഎന്‍യു അടച്ചു പൂട്ടുക' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയിമായുരുന്നു ഇവര്‍ ആക്രമം അഴിച്ചുവിട്ടത്. ഇതേതുടര്‍ന്നു വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ കോടതി പരിസരത്ത് ഏറ്റുമുട്ടുകയായിരുന്നു.

കോടതിയിലെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സംഘര്‍ഷവേളയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കോടതിയില്‍ ഉണ്ടായിരുന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്നു കോടതി നടപടികള്‍ തടസപ്പെട്ടു. ഇതേതുടര്‍ന്നു ജില്ലാ ജഡ്ജി മുതിര്‍ന്ന ജഡ്ജിമാരുടെ യോഗം വിളിച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വത്തിനെയും കയ്യേറ്റം ചെയ്തു.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിന്റെ കേസ് പരിഗണിക്കുന്ന സമയത്തായിരുന്നു ബിജെപി അനുകൂല അഭിഭാഷകരുടെ ആക്രമണം. കോടതി മുറിക്കുള്ളില്‍ മനപൂര്‍വ്വം ഉന്തും തള്ളും സൃഷ്ടിച്ച സംഘപരിവാര്‍ അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യുവിലെ അധ്യാപക – വിദ്യാര്‍ത്ഥികളെയും വളഞ്ഞുവച്ചു. തുടര്‍ന്നായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.