കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹ്‌മദിനെ കണ്ടതായി വെളിപ്പെടുത്തി യുവതിയുടെ കത്ത്. ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള കത്ത് നവംബര്‍ 14ന് ആണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മഹി-മാണ്ഡ്‌വി ഹോസ്റ്റലില്‍ ലഭിച്ചത്. പൊലീസ് സംഘം കത്ത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. അലിഗഡില്‍ നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. ജെ എന്‍ യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹ്‌മദിനെക്കുറിച്ചുള്ള വിവരങ്ങളാണ് കത്തിലുള്ളത്.
അഹ്‌മദിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് ഹോസ്റ്റല്‍ പ്രസിഡന്റ് അസീം ആണ് സ്വീകരിച്ചത്. തുടര്‍ന്ന്, നജീബിന്റെ അമ്മ ഫാത്തിമ നഫീസയ്ക്ക് കത്ത് കൈമാറുകയായിരുന്നു. പിന്നീട് നജീബിന്റെ അമ്മ കത്ത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അലിഗഡിലെ ഒരു മാര്‍ക്കറ്റില്‍ വെച്ച് താന്‍ അഹ്‌മദിനെ കണ്ടു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. താന്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും നജീബ് പറഞ്ഞതായി യുവതി കത്തില്‍ വെളിപ്പെടുത്തുന്നു. ഏത് സ്ഥലത്ത് വെച്ചാണ് നജീബിനെ കണ്ടതെന്നും യുവതി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കത്തില്‍ വ്യക്തമാക്കിയിരിക്കുന്ന വിലാസം തേടി ക്രൈംബ്രാഞ്ച് പോയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, എവിടെനിന്നാണ് ഈ കത്ത് അയച്ചതെന്നും ആരാണ് അയച്ചതെന്നും അറിയാന്‍ കൊറിയര്‍ ഏജന്‍സിയെ ചോദ്യം ചെയ്യും. കൈയക്ഷരം പരിശോധിക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്കും കത്ത് അയച്ചേക്കും.