കനയ്യ കുമാറിനെ തടവിലാക്കിയിരിക്കുന്നത് തിഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിനെ തടവിലിട്ട അതേ സെല്ലില്‍

Webdunia
വ്യാഴം, 18 ഫെബ്രുവരി 2016 (14:15 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ തടവിലാക്കിയിരിക്കുന്നത് അഫ്‌സല്‍ ഗുരുവിനെ തടവിലിട്ട അതേ സെല്ലില്‍. തിഹാര്‍ ജയിലിലെ ജയില്‍ നമ്പര്‍ മൂന്നിലെ നാലാം വാര്‍ഡിലെ സെല്ലിലാണ് കനയ്യ കുമാറിനെ തടവിലാക്കിയിരിക്കുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനാണ് കനയ്യ കുമാറിനെ ജയിലില്‍ അടച്ചിരിക്കുന്നത്.
 
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ തടവിലിട്ടത് ഇതേ സെല്ലില്‍ ആയിരുന്നു. കഴിഞ്ഞദിവസം പട്യാല കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ മാര്‍ച്ച് രണ്ടു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തിഹാര്‍ ജയിലില്‍ കര്‍ശന സുരക്ഷയിലാണ് കനയ്യ കുമാറിനെ പാര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും സി സി ടി വി നിരീക്ഷണത്തിലാണ് കനയ്യ കുമാര്‍.
 
ടെലിവിഷനും ചില വര്‍ത്തമാന പത്രങ്ങളും കനയ്യ കുമാറിന് ലഭിക്കും. സെല്ലിനോട് ചേര്‍ന്നു തന്നെ ടോയ്‌ലറ്റ് സൌകര്യവുമുണ്ട്. 
 
“ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കനയ്യ കുമാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചത്. കനയ്യ കുമാറിന്റെ സുരക്ഷയ്ക്കായി രണ്ട് തമിഴ്‌നാട് സ്പെഷ്യല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്” - തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
അഫ്‌സല്‍ ഗുരുവിനെയും മഖ്‌ബൂല്‍ ഭട്ടിനെയും തൂക്കിലേറ്റിയതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചത് ആയിരുന്നു കേസിന് ആധാരമായ സംഭവം.