ജെഎന്‍യു സംഭവം: കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (12:08 IST)
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. 
 
കേസില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന ജെ എന്‍ യുവിലെ മറ്റ് വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവരെ മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് കാരണം കാണിച്ചാണ് കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
 
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കനയ്യയെ ഫെബ്രുവരി 12നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന ആരോപിച്ചായിരുന്നു ഇവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
 
അതേസമയം, കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ഫെബ്രുവരി 20ന് ഉമറും അനിര്‍ബനും ഉള്‍പ്പെടെയുള്ള അഞ്ച് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങിയത്.