തോമര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല: പൊലീസ്

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (12:15 IST)
വ്യാജ ബിരുദ കേസില്‍ അറസ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഡല്‍ഹി പൊലീസ്. ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ തയാറാവുന്നില്ല. മിക്കപ്പോഴും അദ്ദേഹം നിസഹകരണ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി തോമറിനെ രണ്ടു ദിവസത്തേക്കു കൂടു കസ്റഡി വിട്ടു. തോമറിനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് അന്വേഷണം സംഘം തെളിവുകളും ശേഖരിക്കുകയും ചെയ്‌തു.  കൂടുതല്‍ അന്വേഷണത്തിനായി നാളെ ഡല്‍ഹിയിലെ ചില കോളജുകളിലേയ്ക്കു അദ്ദേഹത്തെ കൊണ്ടുപോകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ശനിയാഴ്ച തോമറിന്റെ പൊലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി കോടതി നീട്ടി നൽയിരുന്നു. എന്നാൽ തോമറിനോടൊപ്പം പോകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഞായറാഴ്ച അവധി ആയതിനാൽ കഴിഞ്ഞ ദിവസം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താനായില്ല. അതിനാൽ ഡൽഹിയിലെ ചില കോളേജുകളിലേക്ക് ഇന്ന് തോമറിനെ തെളിവെടുപ്പിനായി കൊണ്ടു പോയിരിക്കുകയാണ്. ഇവിടെ നിന്നും അന്വേഷണത്തിന് ആവശ്യമായ കൂടുതൽ വിവരങ്ങൾ അറിയാനാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.