ജയലളിതയുടെ സത്യപ്രതിജ്ഞ ഇന്ന്; 28 മന്ത്രിമാരും സ്ഥാനമേല്‍ക്കും

Webdunia
ശനി, 23 മെയ് 2015 (07:37 IST)
അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ എഐഎഡിഎംകെ നേതാവ് ജയലളിത മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ജയക്കൊപ്പം 28 മന്ത്രിമാരും സ്ഥാനമേല്‍ക്കും. കേസില്‍ പെട്ട് നഷ്ടമായ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ മടങ്ങിവരവ് ഇത് രണ്ടാം തവണ.
 
ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.  ഇതോടെയാണ് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. ഇതേത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്തു. ഇതോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത തിരിച്ചുവരാന്‍ വഴിയൊരുങ്ങിയത്. 
 
66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയെ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച കുറ്റവിമുക്തയാക്കിയത്. ജയലളിതക്ക് നാല് വര്‍ഷത്തെ ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. ജയയ്ക്ക് പുറമെ, തോഴി ശശികല, ഇവരുടെ സഹോദരീ പുത്രൻ വി.എൻ.സുധാകരൻ, സഹോദര ഭാര്യ ജെ ഇളവരശി എന്നിവർക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.