തമിഴര്‍ക്ക് അമ്മയുടെ പൊങ്കല്‍ സമ്മാനം; കാശും പിന്നെ അരിയും പഞ്ചസാരയും

Webdunia
ബുധന്‍, 6 ജനുവരി 2016 (13:49 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മാനവുമായി ജനഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തയ്യാറെടുക്കുന്നു. പൊങ്കലിനാണ് അമ്മ, മക്കള്‍ക്ക് സമ്മാനം നല്കാന്‍ തയ്യാറെടുക്കുന്നത്. പൊങ്കല്‍ സമ്മാനമായി 100 രൂപയും ഒരു കിലോ അരിയും പഞ്ചസാരയും രണ്ടടി നീളത്തില്‍ കരിമ്പിന്‍ കഷണവും നല്കും.
 
റേഷന്‍ കാര്‍ഡ് ഉടമകളായ എല്ലാ തമിഴര്‍ക്കും അമ്മയുടെ സമ്മാനം ലഭിക്കും. ആകെ, 1.91 കോടി റേഷന്‍ കാര്‍ഡ് ഉടമകളാണ് സമ്മാനത്തിന് അര്‍ഹരാകുക. ഏതായാലും, വോട്ട് പെട്ടിയില്‍ വീഴ്ത്താനുള്ള സമ്മാനപദ്ധതി സംസ്ഥാന ഖജനാവിന് നല്കുന്നത് 318 കോടി രൂപയുടെ അധികബാധ്യതയാണ്.
 
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന, റേഷന്‍ കാര്‍ഡുള്ള, ശ്രീലങ്കന്‍ തമിഴര്‍ക്കും പൊലീസുകാര്‍ക്കും ഈ പൊങ്കല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടാകും. ജനുവരി 15നാണ് ഇത് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക.