ജയലളിത ശനിയാഴ്ച കോടതിയില്‍ ഹാജരാകുന്നതിനാല്‍, കര്‍ണാടക പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍നിന്ന് വിമാനത്തിലാണ് ജയലളിത എത്തുന്നത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ജയിലിനടുത്ത് തയ്യാറാക്കിയിട്ടുള്ള ഹെലിപ്പാഡില്‍ വന്നിറങ്ങിയതിനുശേഷം കാറില്‍ കോടതിയിലേക്ക് പോകും.
ജയലളിതയുടെ തോഴി ശശികല, ഇവരുടെ ബന്ധുക്കളായ സുധാകരന്‍, ഇളവരശി എന്നിവരും കേസിലെ പ്രതികളാണ്. അവരും ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്.
ആദ്യ തവണ (1991-96) മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. തമിഴ്‌നാട്ടില്‍ നിഷ്പക്ഷമായ വിചാരണ നടക്കില്ലെന്നു കാണിച്ച് ഡിഎംകെ നേതാവ് അന്‍പഴകന്‍ ഹര്‍ജി കൊടുത്തിരുന്നു. തുടര്‍ന്നു സുപ്രീം കോടതി വിചാരണ നടപടിക്രമങ്ങള്‍ ചെന്നൈയില്‍നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.