അരുവിക്കരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ ആര്‍ കെ നഗറില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥി ജയലളിതയ്ക്കായി പ്രചാരണം ശക്തം. തെരഞ്ഞെടുപ്പു ഗോഥയില്‍ ആകെ 28 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കിലും മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള വിരലില്‍ എണ്ണാവുന്ന സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയയ്ക്ക് എതിരായി ഉള്ളത്.
എതിര്‍സ്ഥാനാര്‍ഥികളില്‍ സി പി ഐയിലെ സി മഹേന്ദ്രനും സ്വതന്ത്രന്‍ ട്രാഫിക് രാമസ്വാമിയുമാണ് എടുത്തു പറയാവുന്നവര്‍. ബാക്കിയുള്ളവര്‍ സ്വതന്ത്രരും കടലാസ് സംഘടന പ്രതിനിധികളുമാണ്. മഹേന്ദ്രന് സി പി എം പിന്തുണയുണ്ട്. ഡി എം കെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും സി പി ഐ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നുമെന്നാണ് കരുതുന്നത്.
സി പി ഐ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ദേശീയ സെക്രട്ടറി ഡി രാജ മണ്ഡലത്തില്‍ പ്രചാരണം നടത്തി. ജനാധിപത്യത്തില്‍ വിജയത്തിനു വേണ്ടിയാണ് സി പി ഐ ആര്‍ കെ നഗറില്‍ മത്സരിക്കുന്നതെന്നും ജനാധിപത്യ വിശ്വാസികള്‍ സി പി ഐ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി രാജ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ജയലളിതയ്ക്കു വേണ്ടി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം നടത്തുന്നത്.