തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുമ്പോഴും വിവിധ അവയവങ്ങൾക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ് എന്ന അസുഖമാണ് മുഖ്യമന്ത്രിക്കെന്നാണ് സൂചന.
ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനൊപ്പം കടുത്ത പനിയുമാണ് സെപ്‌സിസ് എന്ന രോഗത്തിന്റെ ലക്ഷണം. പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചതിന് പിന്നാലെയാണ് ആന്തരികാവയവങ്ങൾക്ക് അണുബാധ കണ്ടെത്തിയത്. പ്രമേഹവും രക്ത സമ്മർദവും സാധാരണ നിലയിൽ എത്തിയാലേ അണുബാധയ്ക്കുള്ള വിദഗ്ദ്ധ ചികിൽസ സാധ്യമാകൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിനേത്തുടര്‍ന്നാണ് ഡോ. റിച്ചാർഡ് ബെയ്ലിയെ ലണ്ടനിൽ നിന്ന് വരുത്തിയത്.
ജയലളിതയ്‌ക്ക് നല്‍കികൊണ്ടിരിക്കുന്ന നിലവിലുള്ള മരുന്നുകള്‍ തുടരാന്‍ ഡോക്‌ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ജയലളിതയുടെ ശരീരം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അണുബാധയ്ക്ക് ചികിത്സ തുടരും. ഇത് ആദ്യമായാണ് ആരോഗ്യവിവരം ആശുപത്രി പുറത്തുവിട്ടത്. ലണ്ടനില്‍ നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ വിശദപരിശോധന നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയുടെ പുതിയ വാർത്താ കുറിപ്പും ഇന്നുണ്ടാകും.