അനധികൃത സ്വത്ത്; ജയലളിതയ്ക്കെതിരെ ഡി‌എംകെ അപ്പീല്‍ നല്‍കും

Webdunia
തിങ്കള്‍, 25 മെയ് 2015 (17:29 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന്  ഡിഎംകെ തലവന്‍ കരുണാനിധി. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് കരുണാനിധി തീരുമാനം പ്രഖ്യാപിച്ചത്. അധികാരത്തില്‍ തിരിച്ചു വന്നതിനു പിന്നാലെ ജനക്ഷേമ പരിപാടികളുമായി രംഗത്തിറങ്ങിയ ജയലളിത ഡി‌എം‌കെയ്ക്ക് രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് മുന്‍‌കൂട്ടി കണ്ടാണ് പുതിയ നീക്കം.

കേസില്‍ കക്ഷി ചേരാന്‍ ഡിഎംകെയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി രണ്ട് തവണ വ്യക്തമാക്കിയിട്ടുള്ളതായതിനാല്‍ ഇതില്‍ തടസമില്ലെന്ന നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും നാല് വര്‍ഷം ജയില്‍ശിക്ഷയുമാണ് കര്‍ണാടകയിലെ പ്രത്യേക വിചാരണക്കോടതി വിധിച്ചത്. എന്നാല്‍ ജയലളിത നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കി.

ഹൈക്കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെതിരേ ഡിഎംകെ ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ നിയമപോരാട്ടത്തിനും അന്‍പഴകനെ തന്നെ രംഗത്തിറക്കാനാണ് ഡിഎംകെ ആലോചിക്കുന്നതെന്നാണ് സൂചന.