ജയലളിതയെ കൊലപ്പെടുത്തിയത് ആർ എസ് എസ്; ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ പൊലീസ് കേസെടുത്തു

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (13:22 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജയലളിത മരിച്ചെന്നും അവരെ ഇല്ലാതാക്കിയത് ആർ എസ് എസ് ആണെന്നുമായിരുന്നു പെൺകുട്ടി പോസ്റ്റിട്ടത്. പാർട്ടി പ്രവർത്തകരുടെ പരാതിയെ തുടർന്ന് പോസ്റ്റിട്ട തമിഴാച്ചി എന്ന പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.
 
തമിഴ്നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കി ഇടം പിടിക്കാൻ ശ്രമിക്കുന്ന ആർ എസ് എസ് ആണ് ജയലളിതയുടെ മരണത്തിന് കാരണം. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന പ്രധാന സംഭവങ്ങളിൽ മുസ്ലിങ്ങളെ കുറ്റപ്പെടുത്തി കലാപം ഇളക്കി വിടാൻ ശ്രമിച്ച ആർ എസ് എസിനെ തടഞ്ഞതിൽ പ്രകോപിതരായിട്ടാണ് ജയലളിതയെ ഇവർ ഇല്ലാതാക്കിയതെന്നായിരുന്നു പോസ്റ്റ്. പൊതു മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി, ജനങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് പെൺകുട്ടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
 
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയലളിത മരിച്ചെന്ന് റിപ്പോര്‍ട്ട്. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 ഒക്‌ടോബര്‍ ഒന്നിന് മരിച്ചെന്നാണ് വിക്കിപീഡിയ പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിക്കിപീഡിയയെയാണ്. വിക്കിപീഡിയ തന്നെ പിന്നീട് ഇത് എഡിറ്റ് ചെയ്തു മാറ്റി.
 
ഇതിനിടെ, കഴിഞ്ഞദിവസം ജയലളിതയ്ക്ക് വിദഗ്ധചികിത്സ നല്കുന്നതിനായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രപരിചരണം, അനസ്തീഷ്യ എന്നിവയില്‍ വൈദഗ്ധ്യം നേടിയ ഡോക്‌ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലിയാണ് ജയലളിതയെ പരിശോധിക്കാനായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച് പാര്‍ട്ടിവൃത്തങ്ങളോ ആശുപത്രി അധികൃതരോ ഒന്നും പറഞ്ഞിട്ടില്ല.
Next Article