ജന്‍‌ ധന്‍ യോജന സൂപ്പര്‍ ഹിറ്റ്, അക്കൌണ്ടുകളില്‍ എത്തിയത് 22,000 കോടി രൂപ!

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (11:40 IST)
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ജന്‍ധന്‍ യോജനയ്ക്ക് അമ്പരപ്പിക്കുന്ന ലക്ഷ്യപൂര്‍ത്തീകരണം. പദ്ധതി പ്രകാരം രാജ്യത്തെമ്പാടുനിന്നും തുറക്കപ്പെട്ട അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 22,000 കോടി രൂപ. 17.5 കോടി ബാങ്ക് അക്കൗണ്ടുകളിലായി ഒരുവര്‍ഷത്തിനുള്ളിലാണ് ഇത്രയും തുക നിക്ഷേപമായെത്തിയത്.

2014 ആഗസ്ത് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനംചെയ്തത്. 2015 ജനവരി 26ന് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകളുമായി 41.82 ശതമാനം പേര്‍ അധാര്‍ ലിങ്ക് ചെയ്തു. അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പ്രകാരം 389 പേര്‍ക്ക് ഒരു ലക്ഷം രൂപവീതവും ലൈഫ് കവര്‍ പ്രകാരം 847 പേര്‍ക്ക് 30,000 രൂപവീതവും നല്‍കിയതായും ധനമന്ത്രാലയം വ്യക്തമാക്കി.

തൊഴിലുറപ്പ് വേതനം , പാചക വാതക സബ്സിഡി, സ്കോളര്‍ഷിപ്പുകള്‍, സര്‍ക്കാര്‍ ധനസഹായങ്ങള്‍ എന്നിവ ഈ അക്കൌണ്ടുകളില്‍ കൂടി നല്‍കിത്തുടങ്ങിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ ജൂണ്‍ 2015 വരെ നല്‍കിയത് 4,237 കോടി രൂപയാണ്. 2014 നവംബര്‍ മുതല്‍ 2015 ജൂലായ് 31വരെ സബ്‌സിഡി ഇനത്തില്‍ 17,446 കോടി രൂപയും വിതരണം ചെയ്തു.