Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

രേണുക വേണു

ശനി, 10 മെയ് 2025 (09:16 IST)
Pope Leo

Allegations against Pope Leo XIV: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു ആറ് ആഴ്ചകള്‍ക്കു മുന്‍പാണ് അമേരിക്കന്‍ കര്‍ദ്ദിനാള്‍ ആയിരുന്ന റോബര്‍ട്ട് പ്രെവോസ്റ്റിനെതിരെ (മാര്‍പാപ്പയുടെ യഥാര്‍ഥ പേര്) ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'സര്‍വൈവേഴ്‌സ് നെറ്റ് വര്‍ക്ക് ഓഫ് ദോസ് അബ്യൂസ്ഡ് ബൈ പ്രീസ്റ്റ്‌സ്' (SNAP) വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീറ്റ്രോ പരോളിനു പരാതി നല്‍കിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
കത്തോലിക്കാസഭയിലെ വൈദികരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അതിജീവിതര്‍ക്കു വേണ്ടിയുള്ള സന്നദ്ധസംഘടനയാണ് എസ്.എന്‍.എ.പി. രണ്ടായിരത്തില്‍ ചിക്കാഗോയില്‍ വെച്ചും 2022 ല്‍ പെറുവില്‍ വെച്ചും പുരോഹിതന്മാര്‍ ആരോപണവിധേയരായ ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് വീഴ്ച വരുത്തുകയും പക്ഷപാതം കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. 
 
രണ്ടായിരത്തില്‍ അഗസ്റ്റീനിയന്‍ കോണ്‍ഗ്രിഗേഷന്റെ ചിക്കാഗോയിലെ പ്രൊവിന്‍ഷ്യാല്‍ സൂപ്പര്‍വൈസറായി റോബര്‍ട്ട് പ്രെവോസ്റ്റ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത 13 കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച ഫാദര്‍ ജെയിംസ് റേയ്ക്ക് അഗസ്റ്റീനിയന്‍ ഓര്‍ഡറിനു കീഴിലുള്ള സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ എലമെന്ററി സ്‌കൂളിലെ കെട്ടിടത്തില്‍ താമസിക്കാന്‍ പ്രെവോസ്റ്റ് അനുമതി നല്‍കി. ഇടവക ശുശ്രൂഷകള്‍ ചെയ്യുന്നതിനും കുട്ടികളുമായി ഇടപെടുന്നതിനും 1991 മുതല്‍ വിലക്ക് കല്‍പ്പിക്കപ്പെട്ട വൈദികനാണ് ജെയിംസ് റേ. എന്നിട്ടും ഇയാളെ സ്‌കൂള്‍ കെട്ടിടത്തില്‍ താമസിക്കാന്‍ അനുവദിച്ച പ്രെവോസ്റ്റിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു പരാതി. 
 
പ്രൊവോസ്റ്റ് 2015 ല്‍ വടക്കുപടിഞ്ഞാറന്‍ പെറുവിലെ ചിക് ലായോ രൂപതയില്‍ ബിഷപ്പായിരുന്നു. 2022 ല്‍ മൂന്ന് സ്ത്രീകള്‍ രൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ പ്രൊവോസ്റ്റിനു നല്‍കി. 2007 മുതല്‍ വൈദികര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഈ വിഷയങ്ങളിലും പ്രൊവോസ്റ്റ് പക്ഷപാതപരമായി ഇടപെട്ടെന്നാണ് എസ്.എന്‍.എ.പി നല്‍കിയിരിക്കുന്ന പരാതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍