ജമ്മു കശ്മീര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (15:09 IST)
ഝലം നദിയിലെ ജലനിരപ്പ് അപകടമായ തലത്തിലേക്ക് ഉയര്‍ന്നതൊടെ ജമ്മു കശ്മീര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. ദക്ഷിണ കശ്മീരിലെ സംഗമില്‍ ഝലം നദിയിലെ ജലനിരപ്പ് പുലര്‍ച്ചെ മൂന്നു മണിക്ക് 25.30 അടിയിലെത്തി. 23 അടിയാണ് ഇവിടെ അപകടനിലയായി കണക്കാക്കുന്നത്.

രാം മുന്‍ഷിബാഗില്‍ ജലനിരപ്പ് 17.10 അടി പിന്നിട്ടുകഴിഞ്ഞു. വൈകാതെ പരമാവധി നിലയായി 19 അടിയിലെത്തുമെന്നാണ് സൂചന. മേഖലയില്‍ അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അനന്തനാഗ്, പുല്‍വാമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ദക്ഷിണ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇതിനകം വെള്ളം കയറിയതായി ഡിവിഷണല്‍ കമ്മിഷണര്‍ അസ്ഗര്‍ സമൂണ്‍ പറഞ്ഞു. ഇവിടെ നിന്നും ജനങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കശ്മീര്‍ താഴ്‌വരയിലുണ്ടായ പ്രളയത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനിയുമുണ്ടായി.