ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താൽക്കാലികമായി നിർത്തിവച്ചു. പ്രദേശവാസികള്‍ ആയിരത്തോളം വരുന്ന സുരക്ഷാ സേനയ്ക്കുനേരെ ശക്തമായ കല്ലേറ് നടത്തിയതോടെയാണ് നടപടി.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് തെരച്ചില്‍ ശക്തമായി നടത്തിയത്. ഇതിനിടെ പ്രദേശവാസികളായ ജനങ്ങള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിയുകയായിരുന്നു.
തെരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിച്ചതിന് പിന്നാലെയാണ് കല്ലേറ് രൂക്ഷമായത്. ഇതുവരെയും ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞില്ല. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. മോട്ടോർ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചാണ് പാക് ആക്രമണം.