സൈനീകൻ പീഡിപ്പിച്ചെന്ന ആരോപണം; കാശ്മീരിൽ വടിവെയ്പ്പിൽ അഞ്ച് മരണം

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (20:01 IST)
സൈനീകൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് കാശ്മീരിൽ നാട്ടുകാർ തുടങ്ങിവെച്ച സംഘർഷത്തിൽ മരണം അഞ്ചായി. ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ കഴിഞ്ഞ ദിവസങ്ങ‌ളിൽ നടന്ന വെടിവെയ്പ്പിനെതുടർന്ന് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥിയാണ് ഇന്ന് മരണമടഞ്ഞത്.
 
സൈനീകൻ കോളേജ് വിദ്യാർഥിനിയെ അപമാനിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമുള്ള നാട്ടുകാരുടെ ആരോപണമാണ് വൻ പ്രതിഷേധത്തിന് കാരണമായത്. പൊലീസ് സ്റ്റേഷനുകൾക്കു നേരെ കല്ലെറിയുകയും പട്ടാള ബങ്കറുകൾ കത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ നേരെത്തേ ഒരു സ്ത്രീയും മൂന്ന് യുവാക്കളും കൊല്ലപ്പെട്ടിരുന്നു. 
 
വെടിവെയ്പ്പിനെത്തുടർന്ന് ജില്ലയിൽ വിഘടനവാദികൾ സമരം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറു പൊലീസ് സ്റ്റേഷനുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പ്രശ്നം വഷളാക്കിയെന്ന കാരണത്താൽ ഒരു എസ് ഐ യെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ സൈനീകൻ തന്നെ പീഡിപ്പിച്ചുവെന്ന ആരോപണം സത്യമല്ലെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചത് മറ്റ് വിദ്യാർഥികളാണെന്നും അറിയിച്ചു കൊണ്ട് വിദ്യാർഥിനി തന്നെ രംഗത്തെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം