തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തില്‍ പരിഹാസവുമായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമൽഹാസൻ. ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം. ജെല്ലക്കെട്ടിൽ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ആവശ്യമുന്നയിക്കുന്നവര്‍ ബിരിയാണി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.
ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനായ ഞാന്‍ ഈ മത്സരം പരിശീലിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങള്‍ക്ക് യാതൊരു പ്രശ്നവും ജെല്ലിക്കെട്ടിലൂടെ സംഭവിക്കുന്നില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
ലോകപ്രശസ്തമായ സ്പെയിനിലെ കാളപ്പോരിനോടാണ് പലരും ജെല്ലിക്കെട്ടിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് അതുമായി യാതൊരു ബന്ധവുമില്ല. അവിടെ കാളകൾക്ക് ഉപദ്രവമേൽക്കേണ്ടി വരുമ്പോള്‍ ഇവിടെ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ കമൽഹാസൻ പറഞ്ഞു.
മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നടത്തുന്നത് നിരോധിച്ചത്.