കണ്ണു തുറക്കാത്ത നിയമങ്ങളേ കാണുന്നില്ലെ ഈ അനീതി?

Webdunia
തിങ്കള്‍, 24 നവം‌ബര്‍ 2014 (14:55 IST)
നീതി ദേവത കണ്ണുതുറക്കാറില്ല. ആരുടെയും മുഖം നോക്കാത് തന്റെ തുലാസില്‍ നീതി അളന്നാണ് അവ: എലാവര്‍ക്കും നല്‍കുക. കണ്ണുതുറക്കാതെ ഇരിക്കുന്നതുകൊണ്ടാണൊ നീതി എല്ലാവര്‍ക്കും അപ്രാപ്യമാകുന്നതെന്ന് ആരെങ്കിലും സംശയം പറഞ്ഞാല്‍ നിഷേധിക്കാനൊക്കുമൊ? സത്യം നീതി എല്ലാവര്‍ക്കും അപ്രാപ്യമാണ്. പ്രത്യേകിച്ച് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ക്ക്. അറിയാമി നിങ്ങള്‍ക്ക് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നവരില്‍ 53 ശതമാനവും മുസ്ലീങ്ങളും ദലിതരും ആദിവാസികളുമാണ്.

കുറ്റം ചെയ്തിട്ടല്ലെ ജയിലില്‍ കിടക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇവരില്‍ ഭൂരിഭാഗവും റ്റാരോ ചെയ്ത കുറ്റം ഏറ്റെടുത്തതിന്റെ പേരിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഈ മാസം പുറത്തിറങ്ങിയ ഒരു ഔദ്യോഗിക പ്രിസന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായ ഇവരില്‍ പലരിലും കുറ്റം ചുമത്തപ്പെടുകയാണ് ചെയ്യുന്നത്. അതായത് സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഉന്നതിയിലുള്ളവര്‍ ചെയ്ത് കൂട്ടുന്ന കുറ്റങ്ങള്‍ ഇവരില്‍ കെട്ടിവയ്ക്കപ്പെടുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കനത്ത ഫീസ് കൊടുത്ത് ഇവരില്‍ പലര്‍ക്കും അഭിഭാഷകനെക്കൂടി നിയമിക്കാനാവുന്നില്ലെന്നതാണ് ദുഃഖകരമായ സത്യം.

2013ല്‍ ഇന്ത്യയിലെ തടവുകാരുടെ എണ്ണം 4.2 ലക്ഷമാണ്. ഇവരില്‍ 20 ശതമാനവും മുസ്ലീങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ വെറും 13 ശതമാനം മാത്രമെയുള്ളൂവെന്നാണ് 2011 സെന്‍സസ് വ്യക്തമാക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 17 ശതമാനം മാത്രമെ ദളിതരുള്ളൂ. എന്നാല്‍ ജയിലില്‍ ഇവര്‍ 22 ശതമാനമുണ്ട്. അതായത് നാല് തടവുകാരില്‍ ഒരാള്‍ ദളിതനായിരിക്കും. എന്നാല്‍ ആദിവാസികളുടെ കാര്യം അതീവ ഗുരുതരമാണ്. തടവകാരില്‍ 11 ശതമാനം പേര്‍ ആദിവാസികളാണ്. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ വെറും ഒമ്പത് ശതമാനം മാത്രമെ അവരുള്ളൂ.

1995 മുതലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രിസന്‍ സ്റ്റാറ്റിറ്റിക്‌സ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 1999 മുതലാണ് ജയിലിലെ ജാതിയു മതവും തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കിത്തുടങ്ങിയത്. കഴിഞ്ഞ 15 വര്‍ഷമായി ജയിലിലെ ഈ മൂന്ന് വിഭാഗത്തിന്റെയും അനുപാതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടുത്തെ സാമൂഹ്യഘടനയുടെ അടിസ്ഥാനപരമായ തകരാറാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.