ഇന്ത്യയില്‍ ആക്രമണത്തിന് ഐഎസ്ഐ; 30 ഭീകരരെ എത്തിച്ചു

Webdunia
വെള്ളി, 27 നവം‌ബര്‍ 2015 (11:14 IST)
ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടകള്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി  ഐഎസ്ഐയുടെ ആസൂത്രണപ്രകാരം അതിര്‍ത്തിയില്‍ 30 ഭീകരരെ എത്തിച്ചതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

ലഷ്കര്‍ ഇ തൊയ്‌ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘങ്ങളുടെ സഹായമാണ് കശ്മീരില്‍ ആക്രമണം നടത്താന്‍ ഐഎസ് തേടിയത്. ഭീകരർക്കായി ഐഎസ്ഐ ഉദ്യോഗസ്ഥനായ ഷൌക്കത്ത് ഖാന്‍ എന്ന അബു സുലൈമാന്‍ ക്യാമ്പ് നടത്തുകയും ചെയ്‌തു. പെഷവാറിൽ നിന്നുള്ളവരെയാണ് ക്യാമ്പിലെത്തിച്ചത്. മഞ്ഞ് മൂടി വഴികളിൽ തടസം രൂപപ്പെടുന്നതിന് മുമ്പായി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാനാണ് കഠിന പരിശീലനം നേടിയ ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഡിസംബറിൽ വലിയ തോതിലുള്ള ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

പാകിസ്ഥാനില്‍ വെച്ചു ആസുത്രണം ചെയ്‌ത പദ്ധതിക്കായി സഹായം നല്‍കുന്നത് ഐഎസ്ഐ ആണ്. പാകിസ്ഥാനിലെ ഭീകരസംഘങ്ങളുടെ നേതാക്കന്മാരുമായി ഷൌക്കത്ത് ഖാന്‍ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിലും നിയന്ത്രണരേഖയിലും ജാഗ്രത ശക്തമാക്കാൻ കേന്ദ്രസർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.