ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സംഘടനയിലേക്ക് ആളെ കൂട്ടുന്നത് ലൈംഗിക അടിമയേ നല്‍കാമെന്ന വാഗ്ദാനവുമായാണെന്ന് വെളിപ്പെടുത്തല്‍. ഐഎസ്സില്‍ ചേരുന്നതിനായി കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നിന്നും പോകുകയും പിന്നീട് തിരിച്ചെത്തി കസ്‌റ്റഡിയില്‍ കഴിയുകയും ചെയ്‌ത അരിബ് ഫയ്യസ് മജീദിന്റെ പേരിലാണ് റിപ്പോര്‍ട്ട്.
സിറിയന്‍ സുന്ദരികളെ നല്‍കാം എന്ന് പ്രലോഭിപ്പിച്ച് ലോകത്തുടനീളമായി പതിനായിരങ്ങളെയാണ് ഐഎസ് ഓണ്‍ലൈന്‍ വഴി ചാക്കിട്ടതെന്നും താനും ഇതുപോലെ സിറിയന്‍ സുന്ദരിയെ വിവാഹം കഴിക്കാന്‍ കഴിയുമെന്ന് കരുതിയാണ് കഴിഞ്ഞ വര്‍ഷം ആദ്യം ഐഎസില്‍ ചേര്‍ന്നതെന്നും ആരിബ് പറഞ്ഞു.
ഐഎസ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടുവന്ന എല്ലാവരേയും ലൈംഗികാടിമകളാക്കിയാണ് ഉപയോഗിക്കുന്നത്. സ്‌ത്രീകളെ മൃഗങ്ങളെക്കാള്‍ മോശമായിട്ടാണ് ഉപയോഗിച്ചിരുന്നത്. ആള്‍ക്കാരെ റിക്രൂട്ട് ചെയ്യാനായി മാത്രം ഇസ്‌ളാമിക് സ്‌റ്റേറ്റിന് സോഷ്യല്‍ മീഡിയയില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരൊട് വെളിപ്പെടുത്തി.
ഒരു വനിതയാണ് ഓണ്‍ലൈന്‍ വഴി തന്നേയും റിക്രൂട്ട് ചെയ്‌തത്. ഒരിക്കലും കണ്ടിട്ടില്ലാത്ത ഇവര്‍ സാമൂഹ്യസൈറ്റ് വഴി യുവാക്കളെ സമീപിക്കും. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പോസ്‌റ്റിട്ടാണ് തന്നെയും സമീപിച്ചത്. പിന്നീട് തന്റെ അക്കൗണ്ട് ഉപയോഗിക്കുന്നതിനായി ഫേസ്‌ബുക്ക് പാസ്‌വേഡ് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ മറ്റുള്ളവരെ കോണ്ടാക്‌ട് ചെയ്‌തതായും ആരീഫ് പറയുന്നു.
താന്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് പരിശീലന കേന്ദ്രത്തില്‍ നിന്നും ചാവേറായി പരിശീലനം പൂര്‍ത്തിയാക്കിയിരുന്നതായും എന്നാല്‍ സംഘടനയില്‍ ചേരുന്നതിനും ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും മുമ്പായി താന്‍ തിരികെ പോന്നതായും ആരിഫ് അന്വേഷണഉദ്യോഗസ്ഥരോട് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ പനവേലില്‍ സിവില്‍ എഞ്ചിനീയറായി പരിശീലനം നേടിയിട്ടുള്ള ആരിബ് നാലു സുഹൃത്തുക്കള്‍ക്കൊപ്പം 2014 മെയിലാണ് സിറിയയിലേക്ക് പോയത്. പിന്നീട് നവംബറില്‍ മടങ്ങി വന്നതിന് ശേഷം അന്നു മുതല്‍ കസ്‌റ്റഡിയിലാണ്.