ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ വിറ്റഴിക്കുന്നു

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (16:36 IST)
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓഹരികള്‍ക്ക് 387 രൂപ വില നിശ്ചയിച്ചു. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കില്‍നിന്ന് രണ്ട് ശതമാനം കുറച്ചാണ് വില നിശ്ചയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയമനുസരിച്ചാണ് പുതിയ തീരുമാനം. 10ശതമാനം ഓഹരികള്‍ വിറ്റഴിക്കാണ് എണ്ണക്കമ്പനിയുടെ തീരുമാനം. പത്ത് ശതമാനം ഓഹരി വിറ്റ് 9,302 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്.) വഴി തിങ്കളാഴ്ചയാണ് ഓഹരി വില്പന.

നടപ്പ് സാമ്പത്തിക വര്‍ഷം 69,500 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 3,000 കോടിയുടെ വില്പന മാത്രമാണ് ഇതുവരെ നടന്നത്.