ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഷീന ബോറയുടെയും സഹോദരന്‍ മിഖൈല്‍ ബോറയുടെയും അച്‌ഛനാര് എന്നത് സംബന്ധിച്ച് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍, ഇന്ദ്രാണി മുഖര്‍ജി ആരായിരുന്നു എന്തായിരുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം നല്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ഇന്ദ്രാണിയുടെ ബാല്യം അതിക്രൂരമായിരുന്നു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍. മദ്യപിച്ചെത്തുന്ന അച്‌ഛന്‍ ഇന്ദ്രാണിയെ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും സ്നേഹശൂന്യമായ ബാല്യമായിരുന്നു ഇന്ദ്രാണിയുടേത് എന്നും ഇന്ദ്രാണിയുടെ ബന്ധുക്കള്‍ പറയുന്നു.
അച്‌ഛന്റെ ക്രൂരമായ പീഡനം സഹിക്കവയ്യാതെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഇന്ദ്രാണി ഒളിച്ചോടി പോയി. എന്നാല്‍, റയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇവരെ പിടി കൂടുകയും തിരികെ വീട്ടില്‍ കൊണ്ടു വരുകയും ചെയ്തു. ഈ സംഭവത്തോടെ ഇന്ദ്രാണിയെ സ്കൂളില്‍ നിന്ന് പുറത്താക്കി. മാതാപിതാക്കളുടെ ഏകപുത്രിയായിരുന്നു ഇന്ദ്രാണിയെങ്കിലും അതിന്റെ സ്നേഹം ഇന്ദ്രാണിക്ക് ഒരിക്കല്‍ പോലും ലഭിച്ചിരുന്നില്ല.
ഇന്ദ്രാണിയുടെ അച്‌ഛനായിരുന്ന ഉപേന്ദ്ര കുമാര്‍ ബോറയുടെയും അമ്മയായ ദുര്‍ഗ റാണീ ബോറയുടെയും വിവാഹജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ ഇന്ദ്രാണിയെ വീടിനുള്ളില്‍ പൂട്ടിയിടുമായിരുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ദ്രാണിയുടെ ഒരു ബന്ധു പറഞ്ഞു.
താന്‍ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന കാര്യം അടുത്ത ബന്ധുക്കളോടും അയല്‍ക്കാരോടും മദ്യപിച്ചെത്തുന്ന പിതാവ് തന്നെ മര്‍ദ്ദിക്കുന്ന കാര്യം ഇന്ദ്രാണി പറയുമായിരുന്നെന്നും ബന്ധു പറഞ്ഞു. ഇന്ദ്രാണിയുടെ ബാല്യകാലം ഒരിക്കല്‍ പോലും സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പിന്നീട് മാതാപിതാക്കള്‍ ഇന്ദ്രാണിയെ ഷില്ലോങ്ങിലേക്ക് അയച്ചു. അവിടെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു ഇന്ദ്രാണി താമസിച്ചിരുന്നത്. ജീവിതത്തില്‍ ആദ്യമായി ഇന്ദ്രാണി സ്വാതന്ത്ര്യം അനുഭവിച്ചത് ഹോസ്റ്റല്‍ ജീവിത കാലത്തായിരുന്നെന്നും ഇന്ദ്രാണിയുടെ ബന്ധുക്കള്‍ പറയുന്നു.