ഷീന ബോറ കൊലക്കേസ് ഓരോ ദിവസവും കൂടുതല്‍ ചുരുളഴിയുകയും ചുരുളഴിയുന്തോറും സങ്കീര്‍ണമാകുകയും ചെയ്യുകയാണ്. ഷീനയുടെ അമ്മയും കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരയുമായ ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരി ആണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആ റിപ്പോര്‍ട്ടുകളെ കാറ്റില്‍ പറത്തി മുംബൈ പൊലീസ് ആണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന് വ്യക്തമാക്കിയത്. ഷീനയെ കൂടാതെ, മിഖൈല്‍ ബോറ എന്ന ഒരു മകനും ഇന്ദ്രാണിക്കുണ്ട്. മിഖൈല്‍ ബോറ ഷീനയുടെ ഇളയസഹോദരനാണ്.
സഞ്ജീവ് ഖന്ന ഇന്ദ്രാണിയുടെ ആദ്യഭര്‍ത്താവ് ആണെന്നായിരുന്നു ആദ്യവാര്‍ത്തകള്‍. എന്നാല്‍, പിന്നീട് സഞ്ജീവ് ഖന്ന ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നായിരുന്നു ഷീനയെ കൊലപ്പെടുത്തിയത്.
അതേസമയം, ഇന്ദ്രാണി മുഖര്‍ജി എന്ന പേര് മുംബൈ പൊലീസിന് വീണ്ടും തലവേദന ആയിരിക്കുകയാണ്. 2001ല്‍ കൊല്‍ക്കത്തയില്‍ ലാല്‍ബസാര്‍ പൊലീസ് അനാശാസ്യത്തിനു അറസ്റ്റ് ചെയ്ത ഇന്ദ്രാണി മുഖര്‍ജി ആണോ ഈ ഇന്ദ്രാണി മുഖര്‍ജി എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷിച്ച് വിശദീകരണം നല്കാന്‍ മുംബൈ പൊലീസ് കൊല്‍ക്കത്ത പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.