ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
ബൈക്കുള ജയിലിലായിരുന്നു ഇന്ദ്രാണി മുഖര്‍ജി.
അപസ്മാരത്തിനുള്ള ഗുളിക അമിതമായ അളവില്‍ കഴിച്ച് ബോധാവസ്ഥയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടനില പൂര്‍ണമായും തരണം ചെയ്‌തെന്ന് പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സെപ്തംബര്‍ 11 മുതല്‍ ഇന്ദ്രാണി അപസ്മാരത്തിനുള്ള ഗുളിക ഉപയോഗിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.ഇന്നലെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഷീന ബോറ കൊലക്കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം സി ബി ഐക്ക് വിട്ടുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൊലീസ് അന്വേഷണം വിവാദമായതിനെ തുടര്‍ന്നായിരുന്നു അന്വേഷണം സി ബി ഐക്ക് വിട്ടത്. 2012 ലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം എന്നിവരാണ് കേസിലെ പ്രതികള്‍.