പൗരസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികം ഇന്ന്

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (09:13 IST)
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയ്‌ക്ക് ഇന്ന് 40 വയസ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സമ്മര്‍ദ്ദത്തില്‍ 1975 ജൂൺ 25ന് അർധരാത്രി രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പൗരാവകാശനിഷേധത്തിന്റെ കറുത്ത ഏടായിരുന്നു.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ 1975 ജൂണ്‍ 12നുണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് കാരണമായി തീര്‍ന്നു. 1971ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന രാജ്നാരായണന്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസില്‍ ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ പ്രസ്താവിച്ച വിധി ഇന്ദിരക്കു എതിരായിരുന്നു. ഇന്ദിര ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല എന്നും വിധിക്കപ്പെട്ടു. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്‍റില്‍ പങ്കെടുക്കാമെന്നും വിധിച്ചു.

പുതിയ സാഹചര്യം സംജാതമായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ദിരാ ഗാന്ധി അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലാക്കിയ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ഇതോടെ പൗരാവകാശനിഷേധത്തിന്റെ നാളുകള്‍ ഇന്ത്യന്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടു.

അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായ ഉടന്‍ പൗരന്മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നിര്‍വീര്യമാക്കി. രാജ്യത്തെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. രാജ്യമെങ്ങും പൊലീസ് ക്യാമ്പുകള്‍ തുറക്കപ്പെട്ടു. വ്യക്തമായ കാരണങ്ങള്‍ പോലും ഇല്ലാതെ ലക്ഷങ്ങള്‍ ജയിലറകളിലേക്ക് തള്ളപ്പെട്ടു. നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമായി. ജയിലുകളിലെ മര്‍ദ്ദനങ്ങളിലും മറ്റും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകളെ കാണാതാവുകയും ചെയ്‌തത്.

1977 മാര്‍ച്ച് 21ന് പിന്‍വലിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍മാത്രം 15,000 രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  21 മാസം നീണ്ട ആഭ്യന്തര അടിയന്തരാവസ്ഥ 1977 മാർച്ച് 21നു പിൻവലിക്കുബോള്‍ ഇന്ത്യന്‍ ജനാധ്യപത്യത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയായിരുന്നു.