ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് നേരേ കാര്‍ ബോംബ് ആക്രമണത്തിന് ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (12:59 IST)
ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് നേരെ ഇന്ത്യന്‍ മുജാഹിദീന്‍ കാര്‍ ബോംബ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. 
 
കറാച്ചി വിമാനത്താവളത്തിനു നേരെയുണ്ടായതുപോലെ ഇന്ത്യയില്‍ പലയിടത്തും ആക്രമണത്തിന് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരെയും മറ്റ് ഉന്നത വ്യക്തികളെയുമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ലക്‍ഷ്യമിടുന്നത്. ഇവര്‍ക്ക് നേരെ കാര്‍ ബോംബ് ആക്രമണത്തിന് സാധ്യതയുളളതിനാല്‍ ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 
 
ഡല്‍ഹി വിമാനത്താവളത്തിനു സമീപമുളള 100 ഹോട്ടലുകളില്‍ അടിയന്തിരമായി പരിശോധന നടത്തണം. വിവിഐപികള്‍ കടന്നു പോകുമ്പോള്‍ റോഡരികില്‍ പാര്‍ക്കിംഗ്  അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. 
 
മന്ത്രിമാരെത്തുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴികളില്‍ നിലയുറപ്പിക്കണം. മന്ത്രിമാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ വേദിക്ക് സമീപത്തുളള നിര്‍മ്മാണപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവയ്ക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി..